വിവരാവകാശ നിയമം
വിവരാവകാശ നിയമം
Right to Information Act, 2005
പൊതു അധികാരികളുടെ അധീനതയിലുള്ള വിവരങ്ങൾ പൗരന്മാർക്ക് നിർബാധം ലഭ്യമാക്കുന്നതിനും സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുന്നതിനും കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നിവയുടെ രൂപവൽക്കരണത്തിനും, അത് സംബന്ധിച്ചതോ യാദൃശ്ചികമായതോ മറ്റ് കാര്യങ്ങൾക്കും വേണ്ടി അറിയുവാനുള്ള അവകാശത്തിന്റെ ക്രിയാത്മകമായ ഭരണ വ്യവസ്ഥ ക്രമപ്പെടുത്തുന്നതിനുമുള്ള നിയമമാണ് വിവരാവകാശ നിയമം.
വിവരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ ലിഖിതമായോ അല്ലെങ്കിൽ ഇലക്ട്രോണിക്ക് മാധ്യമം മുഖേനയോ അപേക്ഷ ഇംഗ്ലീഷിലോ അല്ലെങ്കിൽ മലയാളത്തിലോ ₹10/- രൂപ അപേക്ഷാ ഫീസ് സഹിതം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ / അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ അത് തെളിയിക്കുന്ന രേഖ ഹാജരാക്കുന്ന പക്ഷം ഫീസ് ഈടാക്കുന്നതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും. വിവരങ്ങൾ ലഭിക്കുന്നതിനുള്ള അധിക ഫീസിൽ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്. ഫീസ് ഇളവ് ലഭിക്കുന്നതിനായി അപേക്ഷകൻ ബി.ഡി.ഒ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.
ഒരു അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ, കഴിയുന്നത്ര വേഗത്തിലും, ഏതു സംഗതിയിലും അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിലും, നിർണ്ണയിക്കപ്പെടാവുന്ന ഫീസ് നൽകുമ്പോൾ വിവരം നൽകേണ്ടതും അല്ലെങ്കിൽ വിവരാവകാശ നിയമം 2005-ലെ 8-ാം വകുപ്പിലും 9-ാം വകുപ്പിലും നിർദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും കാരണങ്ങളാൽ അപേക്ഷ നിരസിക്കേണ്ടതുമാണ്.
എന്നാൽ ആവശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനേയോ അല്ലെങ്കിൽ സ്വാതന്ത്ര്യത്തേയോ സംബന്ധിച്ചിട്ടുള്ളതാണെങ്കിൽ അത് അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം നൽകേണ്ടതാണ്.
| ഇനം | ഫീസ് |
|---|---|
| അപേക്ഷാഫീസ് | ₹10/- (കോർട്ട് ഫീ സ്റ്റാമ്പ് അപേക്ഷയിൽ പതിച്ചാൽ മതി) |
| എ4 വലിപ്പത്തിലുള്ള 1 പേജിന് | ₹2/- |
| രേഖകൾ പരിശോധിക്കുന്നതിന് | ആദ്യത്തെ ഒരു മണിക്കൂർ സൗജന്യം |
| തുടർന്നുള്ള രേഖ പരിശോധന | ഓരോ മുപ്പത് മിനുട്ടിനും അതിന്റെ അംശങ്ങൾക്കും ₹10/- വീതം |
| സി.ഡി, ഫ്ലോപ്പി തുടങ്ങിയവ | ₹50/- |
| സാമ്പിൾ, മോഡൽ തുടങ്ങിയവ | അതിന്റെ വില / ചെലവ് |
യുക്തമായ തെരച്ചിൽ നടത്തിയ ശേഷവും രേഖകൾ കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവിൽ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്ന് അറിയിച്ച് തീർപ്പ് നൽകണം.
ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങൾക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കിൽ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നൽകണം.
വികസന പദ്ധതിയുടെ നിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങൾ ഭരണ നടപടികൾക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇതിൽ പാലിച്ചിരിക്കണം.
ഗ്രാമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങൾ എന്നിവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സെക്രട്ടറി
മുടക്കുഴ ഗ്രാമപഞ്ചായത്ത്
മുടക്കുഴ പി.ഒ, മുടക്കുഴ
എറണാകുളം ജില്ല, പിൻ : 683546
☎ ഫോൺ : 0484 2645 057, 9496045739
അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഹെഡ് ക്ലർക്ക്
മുടക്കുഴ ഗ്രാമപഞ്ചായത്ത്
മുടക്കുഴ പി.ഒ, മുടക്കുഴ
എറണാകുളം ജില്ല, പിൻ : 683546
☎ ഫോൺ : 0484 2645 057
ഒന്നാം അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ്
സിവിൽ സ്റ്റേഷൻ, തൃക്കാക്കര പി.ഒ
കാക്കനാട്, എറണാകുളം ജില്ല, പിൻ : 682030
☎ ഫോൺ : 0484 2422219
രണ്ടാം അപ്പലേറ്റ് അതോറിറ്റി
മുഖ്യ വിവരാവകാശ കമ്മീഷണർ
മുഖ്യ വിവരാവകാശ കമ്മീഷണറുടെ കാര്യാലയം
TC-26/298, പുന്നൻ റോഡ്
തിരുവനന്തപുരം ജില്ല, പിൻ : 695001
✉ ഇ-മെയിൽ : sic@kerala.nic.in