സ്ഥാപന ചരിത്രം

MUDAKUZHA GRAMA PANCHAYAT 

മുടക്കുഴ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം

 
I

സ്ഥാപന ചരിത്രം

 

ESTABLISHMENT HISTORY 

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ കൂവപ്പടി ബ്ലോക്കില്‍ വേങ്ങൂര്‍ വെസ്റ്റ് റവന്യൂ വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മുടക്കുഴ ഗ്രാമപഞ്ചായത്ത്. 21.97 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് വേങ്ങൂര്‍, കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് കൂവപ്പടി, രായമംഗലം പഞ്ചായത്തുകള്‍, തെക്ക് രായമംഗലം, അശമന്നൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് അശമന്നൂര്‍, വേങ്ങൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ്. പെരിയാറിന്റെ തീരത്തു നിന്നും ഏകദേശം 2 കിലോമീറ്റര്‍ തെക്കുമാറി വ്യാപിച്ചുകിടക്കുന്ന ഇളമ്പകപ്പിള്ളി, ചുണ്ടക്കുഴി, മീമ്പാറ, മുടക്കുഴ എന്നീ ചെറുഗ്രാമങ്ങളും പ്രസിദ്ധ ജൈനക്ഷേത്രമായ കല്ലില്‍ ക്ഷേത്രത്തില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ വടക്ക് വ്യാപിച്ചു കിടക്കുന്ന തുരുത്തി, പ്രളയിക്കാട് എന്നീ ചെറുഗ്രാമങ്ങളും കൂട്ടിച്ചേര്‍ത്ത് 1962 ജനുവരി 1-ാം തീയതി മുടക്കുഴ പഞ്ചായത്ത് രൂപീകൃതമായി. ഇതിനുമുമ്പ് ഈ പ്രദേശങ്ങളെല്ലാം വേങ്ങൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. രൂപീകരണവേളയില്‍ 6 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ചുണ്ടക്കുഴി മണ്ഡലം, ദ്വയാംഗ മണ്ഡലമായിരുന്നു. 1963 ഡിസംബറില്‍ ആദ്യ തെരഞ്ഞെടുപ്പു നടന്നു. കരിങ്കല്ലില്‍ മാത്രം നിര്‍മ്മിച്ചിട്ടുള്ള ഇവിടുത്തെ വടൂര്‍ തൃക്ക ക്ഷേത്രം ശിലായുഗത്തെ അനുസ്മരിക്കുന്ന ഒരു ചരിത്രസത്യമാണ്. പ്രളയിക്കാട് ശിവക്ഷേത്രത്തിലെ കൊത്തുപണികള്‍ തൃശ്ശമംഗലം മരാശാരിമാരുടെ കൈവിരുതിന് ഉദാഹരണമാണ്. അവരുടെ പിന്‍മുറക്കാര്‍ ഈ ഭാഗങ്ങളില്‍ ഇപ്പോള്‍ സ്ഥിരതാമസക്കാരാണ്. ഇരുമ്പ് ലഭ്യമാകാതിരുന്ന കാലങ്ങളില്‍പ്പോലും ഇവിടുത്തെ പരമ്പരാഗത തൊഴിലാളികള്‍ മണ്ണുകുഴിച്ചരച്ച് ഉലയിലൂതി ഊത്തിരുമ്പ് ഉണ്ടാക്കിയിരുന്നു എന്നതിന് തെളിവായി അതിന്റെ അവശിഷ്ടമായ എണ്ണക്കീടന്‍ കല്ലുകള്‍ പഞ്ചായത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

II

ചരിത്ര സാംസ്കാരിക പശ്ചാത്തലം

 

CULTURAL HERITAGE 

വേണാടിന്റെ ഭാഗമായിരുന്ന മുടക്കുഴയില്‍ പെരുമാക്കന്‍മാരുടെ കാലശേഷം രാജഭരണം തുടങ്ങിയപ്പോള്‍ ഈ പ്രദേശങ്ങളെല്ലാം വടവൂര്‍ രാജാവിന്റെ ആധിപത്യത്തിലായിരുന്നു. വടവൂര്‍ രാജവംശം അന്യം നിന്നുപോവുകയും പിന്നീട് ഈ ഭൂപ്രദേശം കൊച്ചി രാജ്യത്തിന് അവകാശപ്പെട്ടതാണെങ്കിലും കര്‍ത്താക്കന്‍മാര്‍ എന്നറിയപ്പെട്ടിരുന്ന നാട്ടുപ്രഭുക്കള്‍ ഈ പ്രദേശം കൊച്ചിരാജ്യത്തേക്ക് ചേര്‍ക്കാതെ സ്വയം ഭരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മാര്‍ത്താണ്ഡവര്‍മ്മ ഈ സ്വതന്ത്ര പ്രദേശങ്ങളെ തിരുവിതാംകൂറിനോട് ചേര്‍ത്തു. ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിക്കും ജാതി നശീകരണത്തിനും വേണ്ടി ചെറായിയില്‍ ആരംഭിച്ച ഒരു മഹത്തായ പ്രസ്ഥാനമാണ് സഹോദരപ്രസ്ഥാനം. കേരളം രൂപീകരിച്ചതോടുകൂടി കേരള കര്‍ഷക സംഘം നിലവില്‍ വന്നു. 1956-ല്‍ ഷൊര്‍ണ്ണൂറിലും 1957-ല്‍ കാലടിയിലും 1959-ല്‍ പെരുന്തല്‍മണ്ണയിലും വെച്ച് കേരള കര്‍ഷക സംഘത്തിന്റെ ഒന്നും രണ്ടും മൂന്നും സമ്മേളനങ്ങള്‍ നടന്നു.ഈ ഗ്രാമത്തിലെ കൃഷി ഭൂമികളില്‍ മുന്തിയ പങ്കും കര്‍ത്താക്കന്‍മാരുടെയും ബ്രാഹ്മണരുടെയും കൈവശത്തിലായിരുന്നു. 1969-ല്‍ കേരള നിയമസഭ പാസ്സാക്കിയ ഭൂപരിഷ്ക്കരണ ബില്ല് 1970 ജനുവരി 1-ാം തീയതി നിയമമായി പ്രാബല്യത്തില്‍ വന്നതോടുകൂടി കേരളത്തില്‍ ജന്മി കുടിയാന്‍ സമ്പ്രദായം തകര്‍ന്നു വീണു. ആദ്യകാലങ്ങളില്‍ ഈ ഗ്രാമത്തില്‍ കുടിപള്ളിക്കൂടങ്ങളാണ് നിലവിലിരുന്നത്. വീടുകളില്‍ നടത്തിയിരുന്ന കുടിപ്പള്ളിക്കൂടങ്ങളില്‍ പഠിപ്പിച്ചിരുന്നവരെ നിലത്തെഴുത്താശാന്മാര്‍ എന്നു വിളിച്ചുപോന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി മുടക്കുഴ പഞ്ചായത്തില്‍ വിദ്യാലയങ്ങള്‍ ആരംഭിച്ചു. മുടക്കുഴ യു.പി. സ്‌കൂള്‍ ആണ് ഇവിടുത്തെ ആദ്യത്തെ വിദ്യാലയം. ഇപ്പോള്‍ തുരുത്തി, തൃക്കേപ്പാറ, ചുണ്ടക്കുഴി എന്നിവിടങ്ങളില്‍ ജനവിദ്യാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രാചീന ഗോത്ര സംസ്കാരത്തിന്റെയും ആധുനിക സംസ്ക്കാരത്തിന്റെയും കെട്ടുപിണഞ്ഞ സാംസ്കാരിക അംശങ്ങള്‍ മുടക്കുഴ ഗ്രാമത്തിന്റെ മുഖമുദ്രയാണ്. വ്യത്യസ്ത മത വിഭാഗങ്ങള്‍ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമയോടെ കഴിഞ്ഞുപോരുന്ന ഒരു പ്രദേശമാണിത്. ഹിന്ദു ക്രിസ്ത്യന്‍ മതമൈത്രിയുടെ പ്രതീകങ്ങളായി ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ആരാധനാലയങ്ങളും നിലകൊള്ളുന്നു. ദ്രാവിഡ സംസ്കാരത്തിന്റെ ഊരും പെരുമയും വിളിച്ചോതുന്ന പരിചകളി, തുടികൊട്ടും, കുടകളി, വടിതല്ലല്‍, തുടങ്ങിയ പ്രാചീന കലാരൂപങ്ങള്‍ നിലനില്‍ക്കുന്നു. അനേകം കലാസമിതികളും സാംസ്കാരിക സംഘടനകളും 4 വായനശാലകളും ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. റ്റി.എം. ഐസക് സ്വാതന്ത്ര്യസമര മുഖങ്ങളില്‍ മുടക്കഴയുടെ പ്രാതിനിധ്യം വിളിച്ചോതിയ മഹത് വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായ് തുരുത്തിയില്‍ ഐസക് മൈതാനം നിലകൊള്ളുന്നു.

III

സ്ഥലനാമ ചരിത്രം

 

PLACE NAME HISTORY 

എ.ഡി-9ാം നൂറ്റാണ്ടില്‍ ഈ ഭാഗമെല്ലാം തമിഴകത്തിന്റെ ഭാഗമായിരുന്നു. കൊടും തമിഴായിരുന്നു ഇവിടുത്തെ സംസാര ഭാഷ. ആയതിനാല്‍ ഇവിടുത്തെ സ്ഥലനാമങ്ങളെല്ലാം തമിഴുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാചീന തമിഴര്‍ ചേരം, ചോളം, പാണ്ഡ്യം എന്നീ 3 നാടുകള്‍ ഉള്‍പ്പെട്ടിരുന്ന തമിഴകത്തെ 4 തരം നിലങ്ങളായി തിരിച്ചിരുന്നു. കുറിച്ചി (മലപ്രദേശം), മുല്ല (വനപ്രദേശം), മരുതം (കാര്‍ഷികമേഖല), നെയ്തല്‍ (കടല്‍തീരം) എന്നിവയായിരുന്നു. അതുപോലെ തന്നെ ഭൂമിശാസ്ത്രപരമായ കിടപ്പനുസരിച്ച് സ്ഥലങ്ങളെ കുഴി, കുളം, കയം, കട്ടം, ചിറൈ, തടം എന്നിങ്ങനെ തിരിച്ചിരുന്നു. മുടക്കുഴ ഗ്രാമം പ്രാചീനകാലത്ത് നിബിഡവനമായിരുന്നുവെന്നതിനും ഇവിടം കാട്ടുമൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നുവെന്നതിനും മതിയായ തെളിവുകളുണ്ട്. അകനാടുള്ള കടുവള്ളച്ചാല്‍ എന്ന പ്രദേശത്ത് കടുവയുടെ ഗുഹ ഇപ്പോഴും കാണാന്‍ കഴിയും. വനപ്രദേശം എന്നര്‍ത്ഥം വരുന്ന തമിഴ് പദമായ മുല്ല പിന്നീട് ഇതേ അര്‍ത്ഥം വരുന്ന ഗ്രാമഭാഷയായ മുടിയായി പരിണമിച്ചു. കൂടാതെ മുടക്കുഴക്കു ചുറ്റുമുള്ള മലയാറ്റൂര്‍ മലനിരകളേക്കാള്‍ താഴ്ന്ന പ്രദേശമായിരുന്നതിനാല്‍ താഴ്ന്ന പ്രദേശം എന്നര്‍ത്ഥം വരുന്ന കുളം (തമിഴ് പദം) മുടി എന്ന പദത്തോട് കൂട്ടിച്ചേര്‍ത്ത് മുടിക്കുളം എന്ന് ഈ പ്രദേശത്തെ വിളിച്ചിരുന്നിരിക്കണം. പില്‍ക്കാലത്ത് ഇതായിരിക്കാം മുടക്കുഴയായി പരിണമിച്ചത്. ജൈനന്‍മാര്‍ മുടക്കുഴ, അകനാട് എന്നീ പ്രദേശങ്ങളിലൂടെയാണ് പ്രസിദ്ധമായ കല്ലില്‍ ക്ഷേത്രം, മലയാറ്റൂര്‍ കുരിശുംമുടി എന്നറിയപ്പെടുന്ന രണ്ട് ജൈനകേന്ദ്രങ്ങളിലേക്ക് സഞ്ചരിച്ചിരുന്നത്. ഈ വഴിയാണ് ഇന്നത്തെ കീഴില്ലം കുറിച്ചിലക്കോട് റോഡ് എന്ന പേരിലറിയപ്പെടുന്നത്. ഈ രണ്ട് ജൈനമത ആരാധനാലയങ്ങളുടെ ഇടയ്ക്കുള്ള പ്രദേശം എന്ന നിലയ്ക്കായിരിക്കണം അകനാട് എന്ന സ്ഥലഗ്രാമമുണ്ടായത്. അതുപോലെ തന്നെ ഇന്ന് മുടക്കുഴ എന്നറിയപ്പെടുന്ന പ്രദേശങ്ങളില്‍ മുടക്കായ് എന്ന ഔഷധസസ്യം നിബിഡമായി വളര്‍ന്നിരുന്നു. അതിനാല്‍ ഈ പ്രദേശത്തിന് മുടക്കുഴ എന്ന പേര് ലഭിച്ചതെന്നും പഴമക്കാരുടെ മതം. മുടക്കുഴ എന്ന സ്ഥലനാമത്തിന് ചുണ്ടക്കുഴി എന്നും പറഞ്ഞിരുന്നതായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കേരള സ്ഥലനാമ കോശത്തില്‍ പറയുന്നു. എന്നാല്‍ ഇന്നു ചുണ്ടിക്കുഴി എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ വടക്കന്‍ താഴ്വരയില്‍ ആനച്ചുണ്ട എന്ന സസ്യം ധാരാളമുണ്ടായിരുന്നതായും അതുകൊണ്ടാണ് ഈ പ്രദേശത്തിന് ചുണ്ടക്കുഴി എന്ന് പേര്‍ ലഭിച്ചതെന്നും കാരണവന്‍മാര്‍ പറയുന്നു. മുടക്കുഴയുടെ തെക്കുഭാഗത്തുള്ള പെട്ടമല എന്ന ഉയര്‍ന്ന പ്രദേശത്തിന്റെ കിഴക്കുഭാഗം പ്രളയക്കാട് എന്നറിയപ്പെടുന്നു. ഇവിടെ വളരെപ്പഴക്കം ചെന്ന മൂന്നു ക്ഷേത്രങ്ങള്‍ കാണാന്‍ കഴിയും. ആനന്ദം വനത്തില്‍ കാവ് എന്നത് ലോപിച്ചാണ് ആനന്ദാനത്ത് കാവായി മാറിയത്. പ്രാകൃത ഗോത്ര സമുദായത്തില്‍ ദേവിയെ ആരാധിച്ചിരുന്നു. മനുഷ്യന്‍ നവീനശിലായുഗത്തിലേക്ക് പ്രവേശിക്കുകയും കൃഷിയില്‍ ആദ്യകാല്‍വെയ്പ്പ് നടത്തുകയും ചെയ്തപ്പോള്‍ ദേവിയുടെ പ്രാധാന്യം വര്‍ദ്ധിച്ചു. അടുത്തകാലത്ത് ഈ ക്ഷേത്രത്തിലെ സമീപ പ്രദേശത്തു നിന്നും യാദൃശ്ചികമായി കുഴിച്ചെടുക്കപ്പെട്ടിട്ടുള്ള അവശിഷ്ടങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഈ ക്ഷേത്രം പുരാതന ഗോത്രവര്‍ഗ്ഗ കാലത്തോളം പഴക്കമുള്ളതാണെന്നാണ്. ഈ അവശിഷ്ടങ്ങള്‍ ഇപ്പോഴും ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ നാലാം വാര്‍ഡിലുള്ള കളരിക്കുടി എന്ന സ്ഥലത്ത് പഴയകാലങ്ങളില്‍ ആയുധാഭ്യാസം പരിശീലിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. കളരിത്തറയും ഇതുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങളും ഇപ്പോഴും ഇവിടെ കാണാന്‍ കഴിയും.