ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ കൂവപ്പടി ബ്ളോക്കില്‍ വേങ്ങൂര്‍ വെസ്റ്റ് റവന്യൂ വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മുടക്കുഴ ഗ്രാമപഞ്ചായത്ത്. 21.97 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് വേങ്ങൂര്‍, കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് കൂവപ്പടി, രായമംഗലം പഞ്ചായത്തുകള്‍, തെക്ക് രായമംഗലം, അശമന്നൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് അശമന്നൂര്‍, വേങ്ങൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ്.പെരിയാറിന്റെ തീരത്തു നിന്നും ഏകദേശം 2 കിലോമീറ്റര്‍ തെക്കുമാറി വ്യാപിച്ചുകിടക്കുന്ന ഇളമ്പകപ്പിള്ളി, ചുണ്ടക്കുഴി, മീമ്പാറ, മുടക്കുഴ എന്നീ ചെറുഗ്രാമങ്ങളും പ്രസിദ്ധ ജൈനക്ഷേത്രമായ കല്ലില്‍ ക്ഷേത്രത്തില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ വടക്ക് വ്യാപിച്ചു കിടക്കുന്ന തുരുത്തി, പ്രളയിക്കാട് എന്നീ ചെറുഗ്രാമങ്ങളും കൂട്ടിച്ചേര്‍ത്ത് 1962 ജനുവരി 1-ാം തീയതി മുടക്കുഴ പഞ്ചായത്ത് രൂപീകൃതമായി. ഇതിനുമുമ്പ് ഈ പ്രദേശങ്ങളെല്ലാം വേങ്ങൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. രൂപീകരണവേളയില്‍ 6 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ചുണ്ടക്കുഴി മണ്ഡലം, ദ്വയാംഗ മണ്ഡലമായിരുന്നു. 1963 ഡിസംബറില്‍ ആദ്യ തെരഞ്ഞെടുപ്പു നടന്നു. ഒരു കാലത്ത് ഈ പ്രദേശം ജൈനന്‍മാരുടെ ആവാസ കേന്ദ്രമായിരുന്നുവെന്നതിന് തെളിവാണ് ജൈന വസ്തുശില്പ ചാരുതയുടെ ഉദാഹരണമായ പ്രസിദ്ധമായ കല്ലില്‍ക്ഷേത്രം. ഇപ്പോള്‍ മലയാറ്റൂര്‍ കുരിശുംമുടി എന്നറിയപ്പെടുന്ന പ്രദേശങ്ങളും ജൈനരുടെ കേന്ദ്രമായിരുന്നുവെന്നതിന് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്. കരിങ്കല്ലില്‍മാത്രം നിര്‍മ്മിച്ചിട്ടുള്ള ഇവിടുത്തെ വടൂര്‍ തൃക്ക ക്ഷേത്രം ശിലായുഗത്തെ അനുസ്മരിക്കുന്ന ഒരു ചരിത്രസത്യമാണ്. പ്രളയിക്കാട് ശിവക്ഷേത്രത്തിലെ കൊത്തുപണികള്‍ തൃശ്ശമംഗലം മരാശാരിമാരുടെ കൈവിരുതിന് ഉദാഹരണമാണ്. അവരുടെ പിന്‍മുറക്കാര്‍ ഈ ഭാഗങ്ങളില്‍ ഇപ്പോള്‍ സ്ഥിരതാമസക്കാരാണ്. ഇരുമ്പ് ലഭ്യമാകാതിരുന്ന കാലങ്ങളില്‍പ്പോലും ഇവിടുത്തെ പരമ്പരാഗത തൊഴിലാളികള്‍ മണ്ണുകുഴിച്ചരച്ച് ഉലയിലൂതി ഊത്തിരുമ്പ് ഉണ്ടാക്കിയിരുന്നു എന്നതിന് തെളിവായി അതിന്റെ അവശിഷ്ടമായ എണ്ണക്കീടന്‍ കല്ലുകള്‍ പഞ്ചായത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.