സ്ഥലനാമ ചരിത്രം

എ.ഡി-9ാം നൂറ്റാണ്ടില്‍ ഈ ഭാഗമെല്ലാം തമിഴകത്തിന്റെ ഭാഗമായിരുന്നു. കൊടും തമിഴായിരുന്നു ഇവിടുത്തെ സംസാര ഭാഷ. ആയതിനാല്‍ ഇവിടുത്തെ സ്ഥലനാമങ്ങളെല്ലാം തമിഴുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാചീന തമിഴര്‍ ചേരം, ചോളം, പാണ്ഡ്യം എന്നീ 3 നാടുകള്‍ ഉള്‍പ്പെട്ടിരുന്ന തമിഴകത്തെ 4 തരം നിലങ്ങളായി തിരിച്ചിരുന്നു. കുറിച്ചി (മലപ്രദേശം), മുല്ല (വനപ്രദേശം), മരുതം (കാര്‍ഷികമേഖല), നെയ്തല്‍ (കടല്‍തീരം) എന്നിവയായിരുന്നു. അതുപോലെ തന്നെ ഭൂമിശാസ്ത്രപരമായ കിടപ്പനുസരിച്ച് സ്ഥലങ്ങളെ കുഴി, കുളം, കയം, കട്ടം, ചിറൈ, തടം എന്നിങ്ങനെ തിരിച്ചിരുന്നു. മുടക്കുഴ ഗ്രാമം പ്രാചീനകാലത്ത് നിബിഡവനമായിരുന്നുവെന്നതിനും ഇവിടം കാട്ടുമൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നുവെന്നതിനും മതിയായ തെളിവുകളുണ്ട്. അകനാടുള്ള കടുവള്ളച്ചാല്‍ എന്ന പ്രദേശത്ത് കടുവയുടെ ഗുഹ ഇപ്പോഴും കാണാന്‍ കഴിയും. വനപ്രദേശം എന്നര്‍ത്ഥം വരുന്ന തമിഴ് പദമായ മുല്ല പിന്നീട് ഇതേ അര്‍ത്ഥം വരുന്ന ഗ്രാമഭാഷയായ മുടിയായി പരിണമിച്ചു. കൂടാതെ മുടക്കുഴക്കു ചുറ്റുമുള്ള മലയാറ്റൂര്‍ മലനിരകളേക്കാള്‍ താഴ്ന്നപ്രദേശമായിരുന്നതിനാല്‍ താഴ്ന്ന പ്രദേശം എന്നര്‍ത്ഥം വരുന്ന കുളം (തമിഴ്പദം) മുടി എന്ന പദത്തോട് കൂട്ടിച്ചേര്‍ത്ത് മുടിക്കുളം എന്ന് ഈ പ്രദേശത്തെ വിളിച്ചിരുന്നിരിക്കണം. പില്‍ക്കാലത്ത് ഇതായിരിക്കാം മുടക്കുഴയായിപരിണമിച്ചത്. ജൈനന്‍മാര്‍ മുടക്കുഴ, അകനാട് എന്നീ പ്രദേശങ്ങളിലൂടെയാണ് പ്രസിദ്ധമായ കല്ലില്‍ക്ഷേത്രം, മലയാറ്റൂര്‍ കുരിശുംമുടി എന്നറിയപ്പെടുന്ന രണ്ട് ജൈനകേന്ദ്രങ്ങളിലേക്ക് സഞ്ചരിച്ചിരുന്നത്. ഈ വഴിയാണ് ഇന്നത്തെ കീഴില്ലം കുറിച്ചിലക്കോട് റോഡ് എന്ന പേരിലറിയപ്പെടുന്നത്. ഈ രണ്ട് ജൈമനമത ആരാധനാലയങ്ങളുടെ ഇടയ്ക്കുള്ള പ്രദേശം എന്ന നിലയ്ക്കായിരിക്കണം അകനാട് എന്ന സ്ഥലഗ്രാമമുണ്ടായത്. അതുപോലെ തന്നെ ഇന്ന് മുടക്കുഴ എന്നറിയപ്പെടുന്ന പ്രദേശങ്ങളില്‍ മുടക്കായ് എന്ന ഔഷധസസ്യം നിബിഡമായി വളര്‍ന്നിരുന്നു. അതിനാല്‍ ഈ പ്രദേശത്ത് മുടക്കുഴ എന്നഗ്രാമം ലഭിച്ചതെന്നും പഴമക്കാരുടെ മതം. മുടക്കുഴ എന്ന സ്ഥലനാമത്തിന് ചുണ്ടക്കുഴി എന്നും പറഞ്ഞിരുന്നതായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കേരള സ്ഥലനാമ കോശത്തില്‍ പറയുന്നു. എന്നാല്‍ ഇന്നു ചുണ്ടിക്കുഴി എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ വടക്കന്‍ താഴ്വരയില്‍ ആനച്ചുണ്ട എന്ന സസ്യം ധാരാളമുണ്ടായിരുന്നതായും അതുകൊണ്ടാണ് ഈ പ്രദേശത്തിന് ചുണ്ടക്കുഴി എന്ന് പേര്‍ ലഭിച്ചതെന്നും കാരണവന്‍മാര്‍ പറയുന്നു. മുടക്കുഴയുടെ തെക്കുഭാഗത്തുള്ള പെട്ടമല എന്ന ഉയര്‍ന്ന പ്രദേശത്തിന്റെ കിഴക്കുഭാഗം പ്രളയക്കാട് എന്നറിയപ്പെടുന്നു. ഇവിടെ വളരെപ്പഴക്കം ചെന്ന മൂന്നു ക്ഷേത്രങ്ങള്‍ കാണാന്‍ കഴിയും. ആനന്ദം വനത്തില്‍ കാവ് എന്നത് ലോപിച്ചാണ് ആനന്ദാനത്ത് കാവായി മാറിയത്. പ്രാകൃത ഗോത്ര സമുദായത്തില്‍ ദേവിയെ ആരാധിച്ചിരുന്നു. മനുഷ്യന്‍ നവീനശിലായുഗത്തിലേക്ക് പ്രവേശിക്കുകയും കൃഷിയില്‍ ആദ്യകാല്‍വെയ്പ്പ് നടത്തുകയും ചെയ്തപ്പോള്‍ ദേവിയുടെ പ്രാധാന്യം വര്‍ദ്ധിച്ചു. അടുത്തകാലത്ത് ഈ ക്ഷേത്രത്തിലെ സമീപ പ്രദേശത്തു നിന്നും യാദൃശ്ചികമായി കുഴിച്ചെടുക്കപ്പെട്ടിട്ടുള്ള അവശിഷ്ടങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഈ ക്ഷേത്രം പുരാതന ഗോത്രവര്‍ഗ്ഗ കാലത്തോളം പഴക്കമുള്ളതാണെന്നാണ്. ഈ അവശിഷ്ടങ്ങള്‍ ഇപ്പോഴും ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ നാലാം വാര്‍ഡിലുള്ള കളരിക്കുടി എന്ന സ്ഥലത്ത് പഴയകാലങ്ങളില്‍ ആയുധാഭ്യാസം പരിശീലിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. കളരിത്തറയും ഇതുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങളും ഇപ്പോഴും ഇവിടെ കാണാന്‍ കഴിയും.